Monday, May 31, 2010

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു
Mathrubhumi Posted on: 01 Jun 2010
അതിരപ്പിള്ളി/തൃശ്ശൂര്‍: നാട്ടിലിറങ്ങുന്ന പുലികളെ പേടിച്ചുകഴിയുന്ന മലക്കപ്പാറയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പുലി കെണിയില്‍ കുടുങ്ങി. ഏകദേശം മൂന്നു വയസ്സുള്ള പെണ്‍പുലിയാണ് കൂട്ടില്‍ അകപ്പെട്ടത്. പിന്നീട് ഇതിനെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റി. സംസ്ഥാന അതിര്‍ത്തിപ്രദേശമായ ഇവിടെ അഞ്ചുമാസത്തിനുള്ളില്‍ രണ്ടു കുട്ടികളെ പുലികള്‍ കൊല്ലുകയുണ്ടായി. ജനവരിയിലും മെയ് മാസത്തിലും ഓരോ പുലിയെ പിടികൂടുകയും ചെയ്തിരുന്നു.കീഴ്‌പെരട്ടില്‍ കൂടുവച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അലര്‍ച്ച കേട്ടെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ആരും ഭയന്നു പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നശേഷം ചെല്ലദുരൈ, ചന്ദ്രന്‍ എന്നിവര്‍ കൂടിനടുത്തുചെന്നു നോക്കി. പുലി കെണിയില്‍പ്പെട്ട വിവരം ഉടന്‍ വനപാലകരെ അറിയിച്ചു. നൂറുകണക്കിനു നാട്ടുകാര്‍ പുലിയെ കാണാന്‍ തടിച്ചുകൂടി.രണ്ട് അറകളുള്ള കൂട്ടില്‍ ഇരയായി ഇട്ടിരുന്ന പട്ടിയെ പുലി കൊന്നു. മുഖത്ത് മുറിവുകള്‍ ഉണ്ട്. കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ കമ്പികളില്‍ കൊണ്ട് മുറിഞ്ഞതാണെന്നു കരുതുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.സുനിലും വെറ്റിലപ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. മാഗ്‌നസ് പോളും പുലിയെ പരിശോധിച്ചു. മുറിവുകള്‍ സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടോടുകൂടിത്തന്നെ പുലിയെ ടാറ്റാ കമ്പനിയുടെ ലോറിയില്‍ വച്ച് പതിനൊന്നരയോടെ വാഴച്ചാലില്‍ എത്തിച്ചു.അവിടെനിന്നു വൈകീട്ട് നാലു മണിയോടെയാണ് തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയത്. മുറിവുകള്‍ ഉണങ്ങിയശേഷം മൃഗശാലയില്‍നിന്ന് വനത്തില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം.കൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ കെ.പി. പ്രദീപിന്റെയും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്റെയും നേതൃത്വത്തില്‍ വനപാലകരും എ.എസ്.ഐ. പോളിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത പ്രദേശമായ തോണിമുടിയില്‍ കഴിഞ്ഞ ജനവരിയില്‍ പുലിയിറങ്ങി നാലുവയസ്സുകാരന്‍ മുകേഷിനെയും മെയ് മാസത്തില്‍ ഒമ്പതു വയസ്സുകാരന്‍ മനുശങ്കറിനെയും കൊല്ലുകയുണ്ടായി.പുലിയെ തിങ്കളാഴ്ച വൈകീട്ട് 6.15 ഓടുകൂടി തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു. വനംവകുപ്പിലെ ഡോക്ടര്‍ വി. സുനില്‍കുമാറും മൃഗശാലാ ഡോക്ടര്‍ എം.കെ. നാരായണനും പുലിയെ പരിശോധിച്ചു. മൃഗശാലയില്‍ പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് പുലിയെ തല്‍ക്കാലം പാര്‍പ്പിച്ചിരിക്കുന്നത്.

-----------------------------

Malayala manorama news

No comments:

Post a Comment