Wednesday, September 22, 2010

പാലക്കുഴിയില്‍ നിന്ന് കള്ളത്തോക്കും നാടന്‍ ബോംബും പിടികൂടി


Mathrubhumi Posted on: 22 Sep 2010



വടക്കഞ്ചേരി: പാലക്കുഴിയില്‍ നിന്ന് കള്ളത്തോക്കും നാടന്‍ബോംബും മൃഗങ്ങളുടെ കൊഴുപ്പും പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പീച്ചി വനമേഖലയോടുചേര്‍ന്നുള്ള ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പാലക്കുഴി പി.സി.എ. ഇല്ലിക്കല്‍ ഫ്രാന്‍സിസിന്റെ(42) വീട്ടില്‍നിന്നാണ് നായാട്ടുസാമഗ്രികള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ പിടികൂടിയത്. തിര നിറച്ച ഒറ്റക്കുഴല്‍തോക്ക്, നാടന്‍ബോംബ്, മൂന്ന് ബാരല്‍, എട്ട് വലിയ വെടിയുണ്ട, ഇരുന്നൂറ് തിരകള്‍, തോക്കിന്റെ പൈപ്പ്ഭാഗങ്ങള്‍, കാട്ടുപോത്തിന്റെ കൊമ്പുകളുടെ ഭാഗം, വെടിമരുന്ന്, നാലുകുപ്പിയിലടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ്, സെര്‍ച്ച്‌ലൈറ്റ്, കൈക്കോടാലി, വെട്ടുകത്തി എന്നിവയാണ് പോലീസ്‌സംഘം പിടിച്ചെടുത്തത്.

ആലത്തൂര്‍ ഡിവൈ.എസ്.പി എം.സഫര്‍ അലിഖാന്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ശശിധരന്‍, വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനനടത്തിയത്.

നാടന്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള ബോംബ്‌സ്‌ക്വാഡ് പാലക്കുഴിയിലെത്തി ബോംബ് നിര്‍വീര്യമാക്കി. ഒറ്റക്കുഴല്‍തോക്കില്‍നിറച്ച തിരകളും ആര്‍മര്‍യൂണിറ്റിലെ മുഹമ്മദ് ഇക്ബാല്‍, ഷണ്മുഖന്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വീര്യമാക്കി. പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ വടക്കഞ്ചേരി എസ്.ഐ. ജെ. മാത്യു, എ.എസ്.ഐ. മാരായ പ്രസാദ്‌വര്‍ക്കി, സണ്ണിജോസഫ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാബുജോസഫ്, രമാദേവന്‍, ജലീല്‍, എന്‍. രാജീവ്കുമാര്‍, ശെല്‍വന്‍, സുന്ദരന്‍, ബേബി, കുഞ്ഞുമോന്‍, സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു.
----

പാലക്കുഴിയിലെ റെയ്ഡില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന മൃഗവേട്ട കണ്ടെടുത്തതില്‍ ചോരക്കറമായാത്ത വെട്ടുകത്തി


വടക്കഞ്ചേരി: നായാട്ടുസംഘങ്ങള്‍ വിഹരിക്കുന്ന പാലക്കുഴി വനമേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന മൃഗവേട്ട. കള്ളത്തോക്കും നാടന്‍ബോംബുമുള്‍പ്പെടെ നായാട്ടിനുപയോഗിക്കുന്ന വന്‍ സാമഗ്രികളാണ് പോലീസ് സംഘത്തിന് മണിക്കൂറുകള്‍നീണ്ട തിരച്ചിലില്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ചോരക്കറയുള്ളതും മാംസമണം വിട്ടുമാറാത്ത വെട്ടുകത്തിയും കൈക്കോടാലിയും ഉള്‍പ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുപോലും നായാട്ട് നടത്തിയതിന്റെ ലക്ഷണങ്ങളാണ് പോലീസിനുകിട്ടിയ തെളിവുകളിലൂടെ വ്യക്തമായിട്ടുള്ളത്. മംഗലംഡാം- പാലക്കുഴി വനമേഖലയില്‍ കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വേട്ടയാടിയതിന് ആറുമാസത്തിനുള്ളില്‍ വനംവകുപ്പധികൃതരും പോലീസും പിടികൂടിയത് പതിനഞ്ചോളം പേരെയാണ്. കാടിനകത്ത് ഒളിത്താവളങ്ങളൊരുക്കി മൃഗങ്ങളെ വേട്ടയാടുന്നവരാണ് പിടിയിലായ സംഘങ്ങള്‍. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രമുള്‍പ്പെടുന്ന വനമേഖലയോടുചേര്‍ന്നാണ് പാലക്കുഴി. ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍ ഉള്‍പ്പെട്ട വനമേഖലയില്‍ രണ്ടുമാസത്തിനുള്ളില്‍ മൃഗവേട്ടയ്ക്ക് ആറ് കേസാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

കള്ളത്തോക്കുകളും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തുന്ന മൃഗവേട്ടയാണ് മംഗലംഡാം-പാലക്കുഴി വനമേഖലയില്‍ നടന്നിരുന്നത്. ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ പൂട്ടിക്കിടന്നിരുന്ന വീട്ടില്‍നിന്നാണ് വന്‍ നായാട്ട്‌സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വന-മലയോര മേഖലകളില്‍ കള്ളത്തോക്കുകള്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കുമെന്ന് വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.

No comments:

Post a Comment