Wednesday, September 22, 2010

പാലക്കുഴിയില്‍ നിന്ന് കള്ളത്തോക്കും നാടന്‍ ബോംബും പിടികൂടി


Mathrubhumi Posted on: 22 Sep 2010



വടക്കഞ്ചേരി: പാലക്കുഴിയില്‍ നിന്ന് കള്ളത്തോക്കും നാടന്‍ബോംബും മൃഗങ്ങളുടെ കൊഴുപ്പും പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പീച്ചി വനമേഖലയോടുചേര്‍ന്നുള്ള ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പാലക്കുഴി പി.സി.എ. ഇല്ലിക്കല്‍ ഫ്രാന്‍സിസിന്റെ(42) വീട്ടില്‍നിന്നാണ് നായാട്ടുസാമഗ്രികള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ പിടികൂടിയത്. തിര നിറച്ച ഒറ്റക്കുഴല്‍തോക്ക്, നാടന്‍ബോംബ്, മൂന്ന് ബാരല്‍, എട്ട് വലിയ വെടിയുണ്ട, ഇരുന്നൂറ് തിരകള്‍, തോക്കിന്റെ പൈപ്പ്ഭാഗങ്ങള്‍, കാട്ടുപോത്തിന്റെ കൊമ്പുകളുടെ ഭാഗം, വെടിമരുന്ന്, നാലുകുപ്പിയിലടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ്, സെര്‍ച്ച്‌ലൈറ്റ്, കൈക്കോടാലി, വെട്ടുകത്തി എന്നിവയാണ് പോലീസ്‌സംഘം പിടിച്ചെടുത്തത്.

ആലത്തൂര്‍ ഡിവൈ.എസ്.പി എം.സഫര്‍ അലിഖാന്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ശശിധരന്‍, വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനനടത്തിയത്.

നാടന്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള ബോംബ്‌സ്‌ക്വാഡ് പാലക്കുഴിയിലെത്തി ബോംബ് നിര്‍വീര്യമാക്കി. ഒറ്റക്കുഴല്‍തോക്കില്‍നിറച്ച തിരകളും ആര്‍മര്‍യൂണിറ്റിലെ മുഹമ്മദ് ഇക്ബാല്‍, ഷണ്മുഖന്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വീര്യമാക്കി. പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ വടക്കഞ്ചേരി എസ്.ഐ. ജെ. മാത്യു, എ.എസ്.ഐ. മാരായ പ്രസാദ്‌വര്‍ക്കി, സണ്ണിജോസഫ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാബുജോസഫ്, രമാദേവന്‍, ജലീല്‍, എന്‍. രാജീവ്കുമാര്‍, ശെല്‍വന്‍, സുന്ദരന്‍, ബേബി, കുഞ്ഞുമോന്‍, സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു.
----

പാലക്കുഴിയിലെ റെയ്ഡില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന മൃഗവേട്ട കണ്ടെടുത്തതില്‍ ചോരക്കറമായാത്ത വെട്ടുകത്തി


വടക്കഞ്ചേരി: നായാട്ടുസംഘങ്ങള്‍ വിഹരിക്കുന്ന പാലക്കുഴി വനമേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന മൃഗവേട്ട. കള്ളത്തോക്കും നാടന്‍ബോംബുമുള്‍പ്പെടെ നായാട്ടിനുപയോഗിക്കുന്ന വന്‍ സാമഗ്രികളാണ് പോലീസ് സംഘത്തിന് മണിക്കൂറുകള്‍നീണ്ട തിരച്ചിലില്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ചോരക്കറയുള്ളതും മാംസമണം വിട്ടുമാറാത്ത വെട്ടുകത്തിയും കൈക്കോടാലിയും ഉള്‍പ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുപോലും നായാട്ട് നടത്തിയതിന്റെ ലക്ഷണങ്ങളാണ് പോലീസിനുകിട്ടിയ തെളിവുകളിലൂടെ വ്യക്തമായിട്ടുള്ളത്. മംഗലംഡാം- പാലക്കുഴി വനമേഖലയില്‍ കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വേട്ടയാടിയതിന് ആറുമാസത്തിനുള്ളില്‍ വനംവകുപ്പധികൃതരും പോലീസും പിടികൂടിയത് പതിനഞ്ചോളം പേരെയാണ്. കാടിനകത്ത് ഒളിത്താവളങ്ങളൊരുക്കി മൃഗങ്ങളെ വേട്ടയാടുന്നവരാണ് പിടിയിലായ സംഘങ്ങള്‍. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രമുള്‍പ്പെടുന്ന വനമേഖലയോടുചേര്‍ന്നാണ് പാലക്കുഴി. ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍ ഉള്‍പ്പെട്ട വനമേഖലയില്‍ രണ്ടുമാസത്തിനുള്ളില്‍ മൃഗവേട്ടയ്ക്ക് ആറ് കേസാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

കള്ളത്തോക്കുകളും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തുന്ന മൃഗവേട്ടയാണ് മംഗലംഡാം-പാലക്കുഴി വനമേഖലയില്‍ നടന്നിരുന്നത്. ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ പൂട്ടിക്കിടന്നിരുന്ന വീട്ടില്‍നിന്നാണ് വന്‍ നായാട്ട്‌സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വന-മലയോര മേഖലകളില്‍ കള്ളത്തോക്കുകള്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കുമെന്ന് വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.

Monday, September 13, 2010

ശക്തനില്‍ ഡോള്‍ഫിന്റെ ഇറച്ചിവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍


Mathrubhumi Posted on: 13 Sep 2010



തൃശ്ശൂര്‍: ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയ ഡോള്‍ഫിന്റെ ഇറച്ചി വനംവകുപ്പ് ഫൈ്‌ളയിങ് സ്‌ക്വാഡ് പിടിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ഡോള്‍ഫിനെ പിടിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. അന്യം നിന്നുപോകുന്ന ജീവകളുടെ വിഭാഗത്തില്‍പ്പെട്ടതാണ് ഡോള്‍ഫിനും. ഇറച്ചി നുറുക്കിക്കൊണ്ടിരുന്ന ഷംസുദ്ദീന്‍ എന്നയാളെ വനപാലകര്‍ പിടികൂടി.

ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ സ്റ്റാള്‍ നമ്പര്‍ 58ല്‍ കെ.ആര്‍.തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ സൈമണ്‍ എന്നയാളാണ് നടത്തുന്നത്. ഇയാള്‍ ഒളിവിലാണ്. കടല്‍പ്പന്നിയുടെ ഇറച്ചി എന്നപേരിലാണ് ഇവിടെ ഡോള്‍ഫിന്റെ ഇറച്ചി കുറച്ചുകാലമായി വിറ്റുവന്നിരുന്നത്. എന്നാല്‍ സ്ഥിരം വാങ്ങുന്നവര്‍ക്ക് ഇത്‌ഡോള്‍ഫിന്‍േറത് ആണെന്ന് അറിയാമായിരുന്നു. കിലോഗ്രാമിന് 200രൂപവരെയാണ് വില ഈടാക്കിയിരുന്നത്.

രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വനപാലകര്‍ കടസ്ഥിരമായി നിരീക്ഷിച്ചുവരികയായിരുന്നു. നുറുക്കിയതെങ്കിലും നീണ്ട ചുണ്ടും മറ്റും ഡോള്‍ഫിന്റെതാണ് ഇറച്ചിയെന്ന് തിരിച്ചറിയാന്‍ ഇടയാക്കി. എവിടെ നിന്നാണ് ഇറച്ചി കൊണ്ടുവരുന്നതെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. ഫൈ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ സി.എസ്. പ്രഭുദാസന്‍, ഗാര്‍ഡുമാരായ എം.സി.ഉണ്ണികൃഷ്ണന്‍, എം.വി.ജോഷി, പി.ടി.ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

നിലമ്പൂരില്‍ കള്ളത്തോക്കുകള്‍ വ്യാപകമാകുന്നു


Mathrubhumi. Posted on: 13 Sep 2010



നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ കള്ളത്തോക്കുകള്‍ വ്യാപകമാകുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃതമായി മൃഗവേട്ട നടത്താനാണ് ഇവ ഉപയോഗിക്കുന്നത്.

കാളികാവ് എസ്.ഐയുടെ കൊലപാതകത്തിലും വില്ലന്‍ കള്ളത്തോക്കാണെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ അന്‍പതോളം കള്ളത്തോക്കുകള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കേസില്‍പോലും പോലീസ് തുടരന്വേഷണം നടത്തുകയോ തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

ചാലിയാര്‍, പോത്തുകല്‍, വഴിക്കടവ്, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനമേഖലകളില്‍ മൃഗവേട്ട ഇപ്പോഴും വ്യാപകമാണ്.

പ്രാദേശിക വ്യക്തികളുടെ സഹായത്തോടെ പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം എത്തിയാണ് മൃഗവേട്ട നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് പോത്തുകല്ലില്‍ വനപാലകര്‍ എടുത്ത വേട്ടക്കേസില്‍ മഞ്ചേരിയിലെ ഒരു എ.എസ്.ഐയും പ്രതിയായിരുന്നു.

മൂന്നുവര്‍ഷം മുമ്പ് ജില്ലയില്‍ അനധികൃത തോക്കുകള്‍ കണ്ടെത്താനായി പ്രത്യേകം പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണങ്ങളും പരിശോധനകളും നടന്നിരുന്നില്ല.

2009 ആഗസ്തില്‍ കാട്ടിറച്ചിയോടൊപ്പം തോക്കും പിടിച്ചെടുത്തിരുന്നു. ഇതേ വര്‍ഷം നവംബറില്‍ രണ്ട് കേസുകളിലായി തോക്കും ഇറച്ചിയും വീണ്ടും പിടിച്ചു. രണ്ടുമാസം മുമ്പ് മൂന്ന് തോക്കുകളാണ് പോത്തുകല്ലില്‍ വനപാലകര്‍ പിടിച്ചെടുത്തത്. ഇതില്‍ ഒന്‍പതുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തുടരന്വേഷണങ്ങളും ഫലപ്രദമല്ല.

ചോക്കാട് മേഖല കള്ളത്തോക്ക് നിര്‍മാണത്തിന് കുപ്രസിദ്ധമാണ്. നാടന്‍ തോക്കുകളും പിസ്റ്റളുകളും വളരെ സാങ്കേതികത്തികവോടെയാണ് ഇവിടെ നിര്‍മിക്കുന്നത്.