Saturday, July 17, 2010

വന്യമൃഗശല്യം കൂടുന്നു; നഷ്ടപരിഹാരമായി ഏട്ടുലക്ഷം അനുവദിച്ചു

Posted on: 17 Jul 2010 Mathrubhumi
കണ്ണൂര്‍:കണ്ണൂരിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യവും കൃഷിനാശവും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-2010 വര്‍ഷം കണ്ണൂര്‍ വനം ഡിവിഷനില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള 223 പരാതികളില്‍ 7,47,022 രൂപ വിതരണം ചെയ്തു. 2007-2008 വര്‍ഷം 146 പരാതികളാണ് ഉണ്ടായിരുന്നത്. അന്ന് 3,08,615 രൂപ നഷ്ടപരിഹാരം നല്‍കി. 2008-2009 വര്‍ഷം പരാതികള്‍ കുറഞ്ഞു. 61 പരാതികളില്‍ 2,28,350 രൂപയാണ് വിതരണം ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഏഴ് മാസത്തിനുള്ളില്‍ 47 അപേക്ഷകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആനയിറങ്ങി കൃഷി നശിപ്പിച്ച പരാതികളിലാണ് കൂടുതലും നഷ്ടപരിഹാരം നല്‍കിയത്.

ഓരോ വര്‍ഷം കഴിയുന്തോറും ആനശല്യം കൂടിവരുന്നതായാണ് കണക്കുകള്‍ ലഭിച്ചിരിക്കുന്നത്. ആനയെക്കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയവയും വന്‍ തോതില്‍ കൃഷിനാശം വരുത്തുന്നു. വന്‍ കൃഷിനാശം സംഭവിച്ചാലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2009-2010 വര്‍ഷം ഏറ്റവു കൂടുതല്‍ വന്യമൃഗ ശല്യവും കൃഷിനാശവും സംഭവിച്ചത് കൊട്ടിയൂര്‍ റേഞ്ചിന് കീഴിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ്. നഷ്ടപരിഹാരത്തിന് 145 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചത്.

വന്യമൃഗശല്യത്തിന്റെ കാര്യത്തില്‍ തളിപ്പറമ്പ് റേഞ്ചാണ് രണ്ടാം സ്ഥാനത്ത്. നഷ്ടപരിഹാരത്തിന് 50ഓളം പരാതികള്‍ ഈ ഭാഗത്തുനിന്ന് ലഭിച്ചു. കൊട്ടിയൂര്‍, തളിപ്പറമ്പ് റേഞ്ചുകളില്‍ കാട്ടാനയും പന്നിയുമാണ് കര്‍ഷകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വന സംരക്ഷണ സമിതി മുഖേന വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിനുള്ള അപേക്ഷാഫോം പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കുക, നഷ്ടപരിഹാരംലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.

ഈ വര്‍ഷം മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കുരങ്ങ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ മൃഗങ്ങള്‍ കൃഷിനാശം വരുത്തിയാലും പാമ്പ്, കീരി തുടങ്ങിയവയുടെ ആക്രമണത്തില്‍ മനുഷ്യന് മരണമോ പരിക്കോ ഏറ്റാലും ഇനിമുതല്‍ നഷ്ടപരിഹാരം ലഭിക്കും.

No comments:

Post a Comment