Saturday, July 17, 2010

ആനക്കൊമ്പ് വേട്ടസംഘത്തെ തളച്ച വനപാലകന് ബഹുമതി

Posted on: 17 Jul 2010 by Mathrubhumi
കല്പറ്റ: വനംവകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പിടികൂടിയ ദൗത്യസംഘത്തിലുള്‍പ്പെട്ട വനപാലകന് വൈകിയെങ്കിലും സംസ്ഥാന ബഹുമതി. കല്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിലെ ഫോറസ്റ്റര്‍ ടി.ഡി.ജഗന്നാഥകുമാറിനാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.

2000 നവംബര്‍ 26 ന് പെരിക്കല്ലൂരിനടുത്തെ പട്ടാണികൂപ്പില്‍ കൃഷിയിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 55 കിലോഗ്രാം ആനക്കൊമ്പാണ് ജഗന്നാഥകുമാര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. 25 ലക്ഷം രൂപ വരുന്ന ആനക്കൊമ്പ് പിടികൂടിയ സംഘത്തിന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റി നല്‍കിയ കാഷ് അവാര്‍ഡ് മാത്രമാണ് ബഹുമതിയായി ലഭിച്ചത്. ആനക്കൊമ്പ് വേട്ട നടത്തിയ എട്ടംഗ സംഘത്തിന് കഴിഞ്ഞ വര്‍ഷം മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.

1981 ല്‍ ഫോറസ്റ്റ് ഗാര്‍ഡായാണ് ജഗന്നാഥകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനകം നാല് ഡിവിഷനുകളിലും എട്ടുറെയ്ഞ്ചുകളിലും പ്രവര്‍ത്തിച്ചു. സമീപകാലത്ത് കടുവത്തോല്‍, പുലിത്തോല്‍ എന്നിവ പിടികൂടി കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചു. കറപ്പത്തോല്‍ കയറ്റിവന്ന വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടുകയുമുണ്ടായി.വയനാട് കോളനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ഥലത്തുനിന്ന് ഈട്ടിത്തടി മുറിച്ചു കടത്തുന്നതിന് അറുതിവരുത്താനും ജഗന്നാഥകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.പാകിസ്താനില്‍ അച്ചടിച്ച കള്ളപ്പണം വയനാട്ടില്‍ നിന്ന് പിടികൂടിയ സംഘത്തിലും ഉള്‍പ്പെട്ടിരുന്നു. ഇതിന് കാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഗുഡ്‌സര്‍വീസ് എന്‍ട്രി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment