Friday, October 8, 2010

കാട്ടാനകളെ ചെറുക്കാന്‍ കര്‍ഷകരുടെ സ്വന്തം വൈദ്യുതവേലി

mathrubhumi Posted on: 07 Oct 2010



പാലക്കാട്: കാട്ടാനകളുടെ ആക്രമണം ചെറുക്കാന്‍ മലമ്പുഴയിലെ കര്‍ഷകര്‍ സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിച്ചു. വേലികള്‍ സ്ഥാപിച്ചതോടെ മലമ്പുഴ പഞ്ചായത്തിലെ പന്നിമട അടക്കമുള്ള പ്രധാന കൃഷിയിടങ്ങളിലെ കാട്ടാനകളുടെ ആക്രമണം കുറഞ്ഞതായി കര്‍ഷകനായ മോഹന്‍ദാസ് പറഞ്ഞു. മലമ്പുഴ പഞ്ചായത്തിലെ ഏകദേശം നൂറേക്കര്‍ കൃഷിയിടത്തിലാണ് കര്‍ഷകര്‍ കമ്പിവേലികള്‍ സ്ഥാപിച്ചത്. 30 കര്‍ഷകര്‍ വിവിധ ഗ്രൂപ്പുകളായി ചേര്‍ന്ന് വൈദ്യുതവേലികള്‍ സ്ഥാപിക്കയായിരുന്നു. കാട്ടാനശല്യം ശക്തമായതോടെയാണ് കര്‍ഷകര്‍ക്ക് സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിക്കാന്‍ ഒരുവര്‍ഷം മുമ്പ് വനംവകുപ്പ് അനുമതിനല്‍കിയത്. ഇതിനുശേഷം മലമ്പുഴയിലെ കര്‍ഷകരാണ് ആദ്യമായി വൈദ്യുതവേലി സ്ഥാപിച്ചത്.

12 ഗേജുള്ള കമ്പി ഒരുവരിയായി കൃഷിയിടത്തിന് ചുറ്റുംവലിച്ച് വൈദ്യുതി പ്രവഹിപ്പിക്കയാണ് കര്‍ഷകര്‍ ചെയ്യുന്നത്. മൂന്നുനിര കമ്പിയാണ് വനംവകുപ്പ് സാധാരണയായി സ്ഥാപിക്കാറുള്ളത്. ചെലവ് ചുരുക്കുന്നതിനായാണ് കര്‍ഷകര്‍ ഒരുനിര കമ്പിയിലേക്ക് ചുരുങ്ങിയത്. ബാറ്ററിയും ഇന്‍വെര്‍ട്ടറും ഇടവിട്ട് വൈദ്യുതി പാസ് ചെയ്യുന്നതിനുള്ള ഉപകരണവുമാണ് വൈദ്യുതവേലിക്ക് ആവശ്യമായുള്ളത്. ഒരേക്കറില്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ 5,000 രൂപ ചെലവുവന്നതായി കര്‍ഷകര്‍ പറഞ്ഞു.

മേട്ടുപ്പാളയത്തുനിന്നാണ് വൈദ്യുതവേലിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കര്‍ഷകര്‍ വാങ്ങിയത്. കര്‍ഷകര്‍ സ്വന്തമായാണ് വേലി സ്ഥാപിച്ചത്. ചെലവുചുരുക്കുന്നതിന് സിമന്റ് തൂണുകള്‍ക്കുപകരം ഉണങ്ങിയ കമ്പുകളാണ് കര്‍ഷകര്‍ ഉപയോഗിച്ചിരിക്കുന്നത്.

കാട്ടാനയുടെ ശല്യംമൂലം മലമ്പുഴയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ സീസണ്‍വരെ കൃഷിനാശം രൂക്ഷമായിരുന്നു. പകുതിയിലധികം വിളവ് കാട്ടാന ആക്രമണംമൂലം നശിച്ചിരുന്നു. ഇതിനുള്ള ആദ്യഘട്ട നഷ്ടപരിഹാരമായി ഏക്കര്‍ ഒന്നിന് 19,200 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇതാണ് വൈദ്യുതവേലി സ്ഥാപിക്കാന്‍ സഹായകരമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. വാളയാര്‍ മുതല്‍ മലമ്പുഴവരെ വൈദ്യുതവേലി സ്ഥാപിക്കുന്ന വനംവകുപ്പിന്റെ ജോലി ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. മൊത്തം 20 കിലോമീറ്ററില്‍ 10 കിലോമീറ്ററിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

മിന്നാംപാറയില്‍ വനം കൈയേറ്റം: ഒരാള്‍ അറസ്റ്റില്‍


Mathrubhum Posted on: 07 Oct 2010



കൊല്ലങ്കോട്: നെല്ലിയാമ്പതി വനമേഖലയിലെ ആനമട മിന്നാംപാറ പ്രദേശത്ത് വനഭൂമി കൈയേറി കൃഷിചെയ്യാന്‍ അടിക്കാട് വെട്ടിത്തെളിച്ച കേസില്‍ ഒരാളെ വനംവകുപ്പുദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ഒരേക്കറോളം വനഭൂമി വെട്ടിവെളുപ്പിച്ച് കൈയേറാന്‍ ശ്രമിച്ചുവെന്ന കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് കാണിയേരി പുത്തന്‍വീട്ടില്‍ കെ.പി.വിജയകുമാര്‍ (40) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട കോഴിക്കോട് മാവാട്ട്പറമ്പില്‍ സുധാകരന്‍നായര്‍, കോഴിക്കോട് പുല്ലൂരാന്‍പാറ വടക്കേടത്ത് തോമസ് എന്നിവര്‍ ഒളിവിലാണെന്ന് ആനമല സെക്ഷന്‍ ഫോറസ്റ്റര്‍ ആര്‍.ജയേന്ദ്രന്‍ അറിയിച്ചു.

തോക്കുകള്‍ സറണ്ടര്‍ചെയ്യണം


Mathrubhumi Posted on: 07 Oct 2010



പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെഭാഗമായി ജില്ലയിലെ എല്ലാ തോക്ക് ലൈസന്‍സികളുടെയും കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ ഒക്ടോബര്‍ 12നകം സറണ്ടര്‍ചെയ്യണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

തോക്കുകള്‍ സറണ്ടര്‍ചെയ്തവിവരം സബ്ഇന്‍സ്‌പെക്ടര്‍മാര്‍ ലൈസന്‍സില്‍ രേഖപ്പെടുത്തി രശീതിനല്‍കണം. സറണ്ടര്‍ചെയ്യാത്ത തോക്കുകള്‍ സബ്ഇന്‍സ്‌പെക്ടര്‍ കണ്ടുകെട്ടിയ വിവരവും സറണ്ടര്‍ചെയ്ത തോക്കുകളുടെ വിവരവും കളക്ടറെ അറിയിക്കണം. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനുശേഷം സറണ്ടര്‍ചെയ്ത തോക്കുകള്‍ ലൈസന്‍സികള്‍ തിരികെ കൈപ്പറ്റണം.